21st IFFK BLOG

(Maintained by IFFK Media Cell)

Tuesday 13 December 2016

മുടിയേറ്റിന്റെ നിറവില്‍ മേള

അനുഷ്ഠാനത്തിന്റെ നിറവില്‍ ചലച്ചിത്രമേളയില്‍ മുടിയേറ്റ് അരങ്ങേറി. നാടന്‍കലാമേളയുടെ ഭാഗമായാണ് മുടിയേറ്റ് കാണികള്‍ക്ക് മുന്നിലെത്തിയത്. ശിവനും ദാരികനും കാളിയുമൊക്കെ ചുവടുകളാടിയപ്പോള്‍ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമാണ് പ്രതിഫലിച്ചത്. പ്രഗത്ഭ മുടിയേറ്റ് കലാകാരന്‍ വാരണാട്ട് നാരായണക്കുറുപ്പ് ആശാന്റെ നേതൃത്വത്തില്‍ കിഴക്കേടത്ത് വാരണാട്ട് മുടിയേറ്റ് കലാസംഘമാണ് മുടിയേറ്റ് അരങ്ങിലെത്തിച്ചത്. 
കളമെഴുതി കേളികൊട്ടിയാണ് മുടിയേറ്റ് ആരംഭിച്ചത്. 7 രംഗങ്ങളായി അവതരിപ്പിച്ച മുടിയേറ്റില്‍ ശിവന്‍, നാരദന്‍, കോയിംപട നായര്‍, കാളി, കൂളി, ദാരികന്‍, ദേവേന്ദ്രന്‍ എന്നീ കഥാപാത്രങ്ങള്‍ വേഷം കെട്ടി. തിന്മയെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച് ധര്‍മ്മം പുനസ്ഥാപിക്കുന്ന കാളിയുടെ പോര്‍പുറപ്പാടാണ് ഇതിവൃത്തം. ചെണ്ട, ഇലത്താളം, വീക്ക് ചെണ്ട, ചേങ്ങില, എന്നീ സംഗീതോപകരണങ്ങള്‍ താളമൊരുക്കി. 
2010 ല്‍ മുടിയേറ്റിന് യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചു. ഇതേതുടര്‍ന്ന് കേരള സംഗീത നാടക അക്കാദമി അംഗീകാരം, ഫോക്‌ലോര്‍ അംഗീകാരം എന്നിവ നാരായണക്കുറുപ്പ് ആശാനെ തേടിയെത്തി. വരുംതലമുറയ്ക്ക് ഈ അനുഷ്ഠാന കലയുടെ അറിവുകള്‍ പകര്‍ന്നുനല്‍കാന്‍ ആശാന്റെ നേതൃത്വത്തില്‍ കൊരട്ടിയില്‍ പഠനകലാസംഘം പ്രവര്‍ത്തിക്കുന്നു.

No comments:

Post a Comment