21st IFFK BLOG

(Maintained by IFFK Media Cell)

Sunday 4 December 2016

രാജ്യാന്തര മേളയില്‍ 'സെന്‍സര്‍ഷിപ്പ്' സെമിനാര്‍

കലാസൃഷ്ടികളുടെ സെന്‍സര്‍ഷിപ്പ് സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകളും വാദപ്രതിവാദങ്ങളും സജീവമാകുമ്പോള്‍, കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ 'സെന്‍സര്‍ഷിപ്പ്' ചര്‍ച്ചയ്ക്ക് വിഷയമാകും. നല്ല സിനിമകളുടെ സഹയാത്രികനായിരുന്ന പി.കെ.നായരുടെ പേരില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഡിസംബര്‍ 11 ന് രാവിലെ 11 ന് അപ്പോളോ ഡിമോറയിലാണ് നടക്കുന്നത്. ഇന്ത്യയിലെ സെന്‍സര്‍ഷിപ്പ് നിയമങ്ങളിലെ മാറ്റങ്ങള്‍  തയ്യാറാക്കിയ സമിതിയുടെ ചെയര്‍മാന്‍ ശ്യാം ബെനഗലാണ് സെമിനാറിലെ മുഖ്യപ്രഭാഷകന്‍. സെന്‍സര്‍ ബോര്‍ഡ് മുന്‍ സി.ഇ.ഒ പങ്കജ ഠാക്കൂര്‍, സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗം അന്‍ജും രാജബലി, ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ്മ, സംവിധായകരായ ദീപ ധന്‍രാജ്, ബി. ഉണ്ണികൃഷ്ണന്‍, ജയന്‍ ചെറിയാന്‍, സിനിമാ നിരൂപകന്‍ വി.സി. ഹാരിസ് എന്നിവര്‍ പങ്കെടുക്കും. ഡോ. സി.എസ്. വെങ്കിടേശ്വരന്‍ മോഡറേറ്റര്‍ ആകും. ഇതുള്‍പ്പെടെ മൂന്ന് സെമിനാറുകളാണ് ചലച്ചിത്രമേളയില്‍ നടക്കുന്നത്.

12 ന് രാവിലെ 11 ന് നടക്കുന്ന സെമിനാര്‍ മലയാളത്തിന്റെ പ്രശസ്തി ലോകസിനിമയിലേക്ക് ഉയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്റെ '50 സിനിമാവര്‍ഷങ്ങ'ളെ ആധാരമാക്കിയാണ്.  പ്രശസ്ത സിനിമാ നിരൂപകന്‍ എന്‍.കെ രാഘവേന്ദ്ര മുഖ്യാതിഥിയാകുന്ന സെമിനാറില്‍ മെഹല്ലി മോദി, സയ്ബല്‍ ചാറ്റര്‍ജി, മീന ടി. പിള്ള, തുടങ്ങിയവര്‍ പങ്കെടുക്കും. 14 ന് 'പകിട്ടേറിയ സിനിമാലോകത്തെ ചെറു ബജറ്റ് ചിത്രങ്ങള്‍' എന്ന സെമിനാറില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, സയിദ് മിര്‍സ, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, മധു അമ്പാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും. 

No comments:

Post a Comment