21st IFFK BLOG

(Maintained by IFFK Media Cell)

Thursday 15 December 2016

ആവേശത്തിരയില്‍ ഐ.എഫ്.എഫ്.കെ., ക്ലാഷിന് അഞ്ച് പ്രദര്‍ശനം

സിനിമാ പ്രണയത്തിന്റെ സാക്ഷ്യമായി ഐ.എഫ്.എഫ്.കെ. മണിക്കൂറുകള്‍ ക്യൂവില്‍ പ്രിയപ്പെട്ട ചിത്രങ്ങള്‍ക്കായി കാത്തിരുന്ന് പ്രതിനിധികള്‍. മേളയുടെ ചരിത്രത്തിലാദ്യമായി ഒരു ചിത്രത്തിന് അഞ്ച് പ്രദര്‍ശനം. വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങളും ഇഷ്ടസിനിമകള്‍ക്കായുള്ള കാത്തിരിപ്പുമായി ഐ.എഫ്.എഫ്.കെ മലയാളിയുടെ നല്ല സിനിമാ ആഭിമുഖ്യത്തിന്റെ ഉദാത്ത സാക്ഷ്യമാകുന്നു.
62 രാജ്യങ്ങളില്‍ നിന്നുമുള്ള 184 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ഇഷ്ടചിത്രങ്ങള്‍ കാണാന്‍ മണിക്കൂറുകളാണ്  പ്രതിനിധികള്‍ കാത്തുനിന്നത്. 13000 ഡെലിഗേറ്റുകള്‍ പങ്കെടുത്ത മേളയില്‍ 490 പ്രദര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. മത്സരവിഭാഗ ചിത്രമായ മൊഹമ്മദ് ദിയാബിന്റെ ക്ലാഷ് പ്രേക്ഷകപ്രീതിമൂലം നാല് തവണ പ്രദര്‍ശിപ്പിക്കുകയുണ്ടായി.  ദിയാബിന്റെ, കൈയ്‌റോ 678ന്റെ തുടര്‍ച്ച കൂടിയാണ് ക്ലാഷ്.  മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിങ്ക്, മാന്‍ഹോള്‍, കാടു പൂക്കുന്ന നേരം എന്നിവയും പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പാപ്പിലിയോ ബുദ്ധയുടെ സംവിധായകനായ ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്‌സാണ് പ്രേക്ഷകര്‍ കാത്തിരുന്ന് കണ്ട മറ്റൊരു ചിത്രം. നെരൂദയും അദ്ദേഹത്തെ പിന്തുടര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും പ്രമേയമായ നെരൂദ, കൊറിയയുടെ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ കിം കി ഡുക്ക് ഒരുക്കിയ നെറ്റ്, വെനസ്വേലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയായ തമാര അഡ്രിയാന്റെ ജീവിതം പ്രമേയമായ തമാര എന്നിവയും മേളയിലെ ജനപ്രിയ ചിത്രങ്ങളായി. അതിജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടത്തെക്കുറിച്ച് പറഞ്ഞ കോള്‍ഡ് ഓഫ് കലണ്ടര്‍, ഫ്രാന്‍സ് - ബെല്‍ജിയം ചിത്രം എയ്ഞ്ചല്‍, ഇറാന്‍ ചിത്രം ഡോട്ടര്‍, ക്ലെയര്‍ ഒബ്‌സ്‌ക്യൂര്‍ എന്നിവയും ശ്രദ്ധേയമായി. 
ജെന്‍ഡര്‍ ബെന്‍ഡര്‍, മൈഗ്രേഷന്‍ ഫിലിംസ് വിഭാഗങ്ങള്‍ സാമൂഹ്യ പ്രസക്തിയാല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. നീണ്ട കാത്തുനില്‍പ്പുകള്‍ മടുപ്പിക്കുമ്പോഴും മനോഹരമായ ഒരു പിടി ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രതിനിധികള്‍.

No comments:

Post a Comment