21st IFFK BLOG

(Maintained by IFFK Media Cell)

Sunday 11 December 2016

വാണിജ്യ സിനിമകള്‍ ഉള്ള കാലത്തോളം സെന്‍സര്‍ഷിപ്പും ഉണ്ടാകുമെന്ന് ശ്യാം ബെനഗല്‍

വാണിജ്യ സിനിമകള്‍ ഉള്ള കാലത്തോളം സെന്‍സര്‍ഷിപ്പുമുണ്ടാകുമെന്ന് ശ്യാം ബെനഗല്‍. കൊളോണിയല്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ നീക്കമായാണ് സെന്‍സെര്‍ഷിപ്പ് ആരംഭിച്ചത്. എന്നാല്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം സെന്‍സര്‍ഷിപ്പ് തുടരുമെന്നാണ് സൂചന നല്‍കുന്നതെന്നും പി.കെ. നായരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു. യു.എ 12+, യു.എ 15+, എ വിത്ത് കോഷന്‍ എന്നിങ്ങനെ പുതിയ മൂന്ന് സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍ദ്ദേശമാണ് ഇന്ത്യയില്‍ സെന്‍സര്‍ഷിപ്പ് മാനദണ്ഡ പരിഷ്‌കരണത്തിനായി താന്‍ ചെയര്‍മാനായ സമിതി സമര്‍പ്പിച്ചത്. എ വിത്ത് കോഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് വാണിജ്യ പ്രദര്‍ശനങ്ങള്‍ക്കോ ഡി.വി.ഡി പോലെയുള്ള വിപണന സാധ്യതകള്‍ തേടുന്നതിനോ അനുമതി നല്‍കരുതെന്നും ശ്യാം ബെനഗല്‍ പറഞ്ഞു. 
സെന്‍സര്‍ഷിപ്പിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ള മിക്കവര്‍ക്കും അനുകൂലവിധി ലഭിച്ചിട്ടുണ്ട്.  പക്ഷേ പല ചെറുത്തുനില്‍പ്പുകളും വ്യക്തിതലത്തില്‍ ഒതുങ്ങിപ്പോകുയാണെന്ന് സംവിധായകനായ അമോല്‍ പലേക്കര്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ആയിരങ്ങളുടെ തലവെട്ടുമെന്ന് രാംലീല മൈതാനത്തുനിന്ന് പ്രസംഗിച്ച ആള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തവര്‍ താന്‍ ആ സംഭവം സിനിമയാക്കിയാല്‍ പ്രദര്‍ശനാനുമതി നല്‍കുമോ എന്നും പലേക്കര്‍ ചോദിച്ചു. 
 സെന്‍സര്‍ഷിപ്പിനെയല്ല സിനിമാട്ടോഗ്രഫി ആക്ടിനെതന്നെ നാം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ ആവശ്യപ്പെട്ടു. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും പല ഉത്പന്നങ്ങളില്‍ നിന്നും അനുയോജ്യമായത് തെരെഞ്ഞെടുക്കാനറിയാവുന്ന മനുഷ്യര്‍ തിയേറ്ററില്‍ കയറുമ്പോള്‍ മാത്രം മണ്ടരാകുമെന്നു പറയുന്നതെങ്ങനെയെന്ന്  രാകേഷ് ശര്‍മ ചോദിച്ചു. 
എട്ടു മാസത്തെ നിയമപോരാട്ടത്തിനൊടുവില്‍ തന്റെ 'കാ ബോഡിസ്‌കേപ്‌സി'ന് അനുകൂല വിധി നേടി ചലച്ചിത്രോത്സവത്തിനെത്തുന്ന ജയന്‍ ചെറിയാന്‍ തന്റെ പോരാട്ടത്തിന് ഐ.എഫ്.എഫ്.കെ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നിരൂപകന്‍ വി.സി. ഹാരിസ്, സംവിധായിക ദീപ ധന്‍രാജ് എന്നിവരും പങ്കെടുത്തു.  

No comments:

Post a Comment