21st IFFK BLOG

(Maintained by IFFK Media Cell)

Wednesday 14 December 2016

വാണിജ്യ താത്പര്യങ്ങള്‍ കണക്കിലെടുത്തല്ല അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്: ഡോ. ബിജു


വാണിജ്യ താത്പര്യങ്ങള്‍ കണക്കിലെടുത്തല്ല കാടുപൂക്കുന്ന നേരം എന്ന ചിത്രത്തില്‍ അഭിനേതാക്കളെ തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ ഡോ. ബിജു.  ചിത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന നായിക വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് റിമ കല്ലിങ്കലിനെ തെരഞ്ഞെടുത്തത്. വ്യവസ്ഥകള്‍ അംഗീകരിക്കുന്ന നടീനടന്മാരെ മാത്രമേ സിനിമകളില്‍ ഉള്‍ക്കൊള്ളിക്കാറുള്ളുവെന്നും മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു. നല്ല സിനിമകള്‍ കാലത്തെ അതിജീവിക്കുമെന്നും കലാമൂല്യമുള്ള ചിത്രങ്ങളായാലും വാണിജ്യ ചിത്രങ്ങളായാലും സാമൂഹിക പ്രസക്തിയുള്ളവയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ഭൂരിപക്ഷം സമൂഹത്തിനും ഇന്നും നിലനില്‍ക്കുന്ന വിടവ് നികത്താനാണ് സംവിധായകനെന്ന നിലയ്ക്ക് ശ്രമിക്കുന്നതെന്ന് പ്രദീബ് കുര്‍ബ പറഞ്ഞു. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെ അതിപ്രസരം മൂലം തങ്ങളുടെ ചിത്രങ്ങള്‍ ഓരോ ഗ്രാമത്തിലും കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. സാഹചര്യങ്ങളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സിനിമകള്‍ ശ്രദ്ധേയമാകാനുള്ള അടിസ്ഥാന ഘടകം സിനിമ തന്നെയാകണമെന്നും മറിച്ച് ചിത്രം ചര്‍ച്ച ചെയ്യുന്ന വിഷയം കൊണ്ടുമാത്രം ശ്രദ്ധേയമാകരുതെന്നും മറാത്തി സംവിധായകന്‍ പരേഷ് മൊകാഷി പറഞ്ഞു. ശ്രീലങ്കന്‍ സംവിധായകന്‍ പ്രിയന്ത കല്‍വരാചിയും ചര്‍ച്ചയില്‍ പങ്കെടുത്തു. 

No comments:

Post a Comment