21st IFFK BLOG

(Maintained by IFFK Media Cell)

Sunday 11 December 2016

ചലച്ചിത്രോത്സവ വേദികളില്‍ കാഴ്ചകളുടെ പൂരം

കാഴ്ചപ്പൂരമൊരുക്കുന്ന ചലച്ചിത്രോത്സവ വേദികളില്‍ ആസ്വാദകരുടെ തിക്കും തിരക്കും. മേള നടക്കുന്ന 13 വേദികളിലും ചലച്ചിത്രങ്ങള്‍ ആസ്വദിക്കാന്‍ തദ്ദേശീയരും വിദേശികളുമടക്കം 13,000 ത്തോളം പേരാണ് എത്തിയത്. എന്നാല്‍ പ്രതിനിധികള്‍ അല്ലെങ്കിലും മേളയിലെ തിക്കും തിരക്കിനൊപ്പം ഒത്തുചേരാന്‍ ആയിരങ്ങളാണ് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലും നിശാഗന്ധിയിലും എത്തുന്നത്. സമൂഹമാധ്യമങ്ങളിലെ ചലച്ചിത്ര കൂട്ടായ്മകള്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ ചലച്ചിത്രപ്രേമികള്‍ എന്നിവരുടെ കൂട്ടായ്മകള്‍ മേളയ്ക്ക് മാറ്റു കൂട്ടുകയാണ്. പ്രമുഖ ചലച്ചിത്ര സംവിധായകര്‍, അണിയറ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സൗഹൃദസംഗമ വേദി കൂടിയാണ് ടാഗോര്‍ തിയേറ്റര്‍. 
ചലച്ചിത്ര പരസ്യകലയുടെ ചരിത്രം അനാവരണം ചെയ്യുന്ന ദൃശ്യാവിഷ്‌കാരം ഡിസൈനേഴ്‌സ് ആറ്റിക് കാണാന്‍ നൂറുകണക്കിന് പേരാണ് ദിനംപ്രതി എത്തുന്നത്. ഇതുകൂടാതെ വജ്രകേരളം പദ്ധതിയുടെ ഭാഗമായി നാടന്‍ കലാമേളയും ഒരുക്കിയിട്ടുണ്ട്. സിനിമ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതു കൂടാതെ സിനിമാ പ്രേമികള്‍ക്ക് സംവിധായകരോട് നേരിട്ട് ചോദ്യങ്ങളും ചോദിക്കാം. മിക്ക തിയേറ്ററുകളിലും നിന്ന് സിനിമ കാണുന്ന ചലച്ചിത്രപ്രേമികളുടെ ദൃശ്യമായിരുന്നു. ക്ലാഷ്, കോള്‍ഡ് ഓഫ് കലണ്ടര്‍, മാന്‍ഹോള്‍ തുടങ്ങിയ ചിത്രങ്ങള്‍ സിനിമ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വരും ദിവസങ്ങളിലും വേദികള്‍ പ്രേക്ഷകബാഹുല്യത്താല്‍ പൂരപറമ്പാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

No comments:

Post a Comment