21st IFFK BLOG

(Maintained by IFFK Media Cell)

Saturday 10 December 2016

ചരിത്രത്തിന്റെ ചുവരെഴുത്തായി 'ഡിസൈനേഴ്‌സ് ആറ്റിക്'

മലയാളത്തിലെ ആദ്യ ശബ്ദചിത്രം ബാലന്‍ മുതല്‍ പുതിയ ചിത്രം കമ്മട്ടിപ്പാടം വരെയുള്ള പോസ്റ്ററുകള്‍, ഭരതന്‍ മുതല്‍ സി.എന്‍. കരുണാകരന്‍ വരെയുള്ളവരുടെ ഡിസൈനുകള്‍, നാന ഉള്‍പ്പടെയുള്ള സിനിമാ പ്രസിദ്ധീകരണങ്ങളുടെ ആദ്യ പ്രതി മുതല്‍ കാലം മാറ്റിയെടുത്ത പുതിയ പതിപ്പുകള്‍ വരെ.... ഡിസൈനേഴ്‌സ് ആറ്റിക് എന്ന പേരില്‍ ടാഗോര്‍ തിയേറ്ററില്‍ ആരംഭിച്ച പ്രദര്‍ശനം ചലച്ചിത്ര ലോകത്തെ പരസ്യപ്രചാരങ്ങള്‍ക്ക് ആദരവാകുന്നത് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യാവിഷ്‌ക്കാരത്തിന്റെ പഴമയും പുതുമയും തമ്മിലുള്ള സമന്വയത്തിന്റെ പേരില്‍ക്കൂടിയാണ്. സംവിധായകന്‍ ലിജിന്‍ ജോസിന്റെ ആശയത്തില്‍ വിരിഞ്ഞ പ്രദര്‍ശനം മലയാളത്തിന്റെ അഭിമാന താരം കൂടിയായ ജഗതി ശ്രീകുമാറും നടി ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകരായ ഐ.വി. ശശി, ലാല്‍ ജോസ്, പി.ടി. കുഞ്ഞുമുഹമ്മദ്, ടി.വി. ചന്ദ്രന്‍, സിബി മലയില്‍, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാസംവിധായകരായ രാധാകൃഷ്ണന്‍, നീതി കൊടുങ്ങല്ലൂര്‍, സാബു കൊളോണിയ, റോയ് പി തോമസ്, സാബു പ്രവദ, ഭട്ടതിരി എന്നിവരെ ആദരിച്ചു. സിനിമാ പ്രചാരണ വഴികളുടെ ചരിത്രവും വര്‍ത്തമാനവും മുഖാമുഖങ്ങളും ഇടകലര്‍ത്തിയുള്ള ദൃശ്യാവിഷ്‌ക്കാരം മൂന്നു സ്‌ക്രീനുകളിലായാണ് പ്രദര്‍ശിപ്പിക്കുന്നത്.

No comments:

Post a Comment